അവസ്ഥകള്‍ ഒരു അന്വേഷണമാണ്. ജാസിം എന്ന എനിക്ക് ഭ്രാന്ത് ഉണ്ടോ ഇല്ലയോ എന്ന അന്വേഷണം. ഇങ്ങിനെയൊക്കെയാണു ഞാന്‍ ലോകത്തെ കാണുന്നത്. . ഇങ്ങിനെയൊക്കെ കാണാനേ എനിക്കു സാധിക്കുന്നുള്ളൂ. സത്യത്തില്‍ എനിക്കാണോ അതോ ലോകത്തിനാണോ ഭ്രാന്ത്????




Thursday, November 26, 2015

ജ....ജാ... ജാസിം തറക്കപറമ്പില്‍

ഞ... ഞ... ഞാന്‍  "സു... സു... സുധി വാല്മികം" സിനിമ കണ്ടിട്ടില്ല. UAE യില്‍ റിലീസ് ചെയ്തിട്ടില്ല. ജയേട്ടന്റെ പടം;അതിലുപരി കൂട്ടുകാരന്‍ വിനീത് വിശ്വം അഭിനയിച്ച സിനിമ. ആദ്യമേ ഞാന്‍ ഈ സിനിമ ശ്രദ്ധിച്ചിരുന്നു.   രഞ്ജിത്ത് ശങ്കറിന്റെ പടം ആയതു കൊണ്ട് പ്രതീക്ഷയും കൂടുതല്‍ ആയിരുന്നു. താങ്കള്‍ അത് തെറ്റിച്ചില്ല എന്നറിഞ്ഞതില്‍ സന്തോഷം. 

സു... സു.. ഒരര്‍ത്ഥത്തില്‍ എന്റെ കഥയാണ്‌.

ചെറുപ്പത്തില്‍ ഞാന്‍ ഒരു വിക്കനായിരുന്നു. ഏതു വയസ്സിലാണ് അത് മാറിയതെന്ന് ഓര്‍മയില്ല. confidence ഇല്ലായ്മ ഒരു വലിയ പ്രശ്നമായിരുന്നു. എനിക്ക് ചുറ്റും ഉള്ള എല്ലാവര്ക്കും ഒരു പേഴ്സണാലിറ്റി ഉണ്ടെന്നും എനിക്ക് മാത്രം അതില്ല എന്നും ഒരു തോന്നല്‍ .  ഏഴാം  ക്ലാസ്സ്‌ വരെ എല്ലാ പരീക്ഷക്കും എനിക്ക് പനി വരാറുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ ഒറ്റയ്ക്ക് സ്റ്റാഫ്‌ റൂമില്‍ ഇരുന്നായിരുന്നു പരീക്ഷ എഴുതിയിരുന്നത്. എല്ലാ പരീക്ഷക്കും ഞാന്‍ നല്ല മാര്‍ക്കും വാങ്ങിയിരുന്നു. എട്ടാം ക്ലാസ്സില്‍ വേറെ സ്കൂളില്‍ ചേര്‍ന്നു. മലയാളം മീഡിയത്തില്‍ നിന്നും ഇംഗ്ലീഷ് മീഡിയത്തിലോട്ട്. പിന്നെ പഠിച്ചിട്ടും പഠിയുന്നില്ല. സ്വാഭാവികമായി ഞാന്‍ ക്ലാസ്സില്‍ അവസാന റാങ്കുകാരില്‍ ഒരാളായി. വീട്ടിലെ പഠിപ്പിസ്റ്റ് ഇമേജ് പോകുമല്ലോ എന്നോര്‍ത്തു ഞാന്‍ കോപ്പി അടിക്കാന്‍ ശ്രമിച്ചു. എന്ത് കൊണ്ടോ പിടിക്കപ്പെട്ടില്ല. കൂട്ടുകാര്‍ എന്നെ പ്രോത്സാഹിപ്പിച്ചു. ടീച്ചര്‍മാര്‍ എന്നെ അലമ്പന്‍ എന്ന് മുദ്ര കുത്തി. എങ്ങിനെയോ എനിക്ക് confidence ഉണ്ടായി തുടങ്ങി. ഒരു പക്ഷെ ഞാന്‍ അന്ന് സ്കൂള്‍ മാറിയിരുന്നില്ല എങ്കില്‍ റാങ്ക് മേടിച്ചെനെ. പക്ഷെ ഒന്നിനും കൊള്ളാത്തവനായി ഞാന്‍ ജീവിക്കേണ്ടി വരുമായിരുന്നു. 

എന്റെ കൂട്ടുകാര്‍ തന്ന ആത്മവിശ്വാസം കൊണ്ട് മാത്രം  പ്രസംഗിക്കാന്‍ അറിയാത്ത ഞാന്‍ സ്റ്റേജില്‍ കയറി പ്രസംഗിച്ചു. നാടകം കളിച്ചു.  

കോളേജില്‍ മാഗസിന്‍ എഡിറ്റര്‍ ആയി. കോളേജ് മൊത്തം അഭിസംബോതന ചെയ്തു കൊണ്ട് പ്രസംഗിച്ചു. ബ്ലോഗ്ഗര്‍ ആയി.

കോളേജ് കഴിഞ്ഞപ്പോള്‍ കൊച്ചിയില്‍ സ്വന്തമായി കമ്പനി തുടങ്ങി. പല ആളുകള്‍ക്കും ചെയ്യാന്‍ കഴിയാത്ത പലതും നടത്താന്‍ എനിക്ക് കഴിവുണ്ടെന്ന്  ഇന്ന് എനിക്കറിയാം.

ഒരു വിക്കന്‍ ആയിരുന്ന ഞാന്‍, പരീക്ഷകള്‍ക്ക് പനി വരാറുണ്ടായിരുന്ന ഞാന്‍ ഇന്നത്തെ ഞാന്‍ ആയെങ്കില്‍ അതിനു കാരണം എന്റെ കൂട്ടുകാര്‍ ആണ്, ഞാന്‍ കണ്ട സിനിമകള്‍ ആണ്, ഞാന്‍ വായിച്ച പുസ്തകങ്ങള്‍ ആണ്.  

സു.. സു,,, സുധിക്കും ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചം വീശാന്‍ കഴിയട്ടെ എന്ന പ്രത്യാശയോടെ........




അടിക്കുറിപ്പ്:
ഈ അടുത്ത്  സിനിമ തിയേറ്ററില്‍ ഇടവേള സമയത്ത് ചായ വാങ്ങാന്‍ പോയപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കെ ഉറക്കെ "രണ്ടു ചായ" എന്ന് പറയാന്‍ ഉദ്ധേഷിച്ച എനിക്ക് "ര" എന്ന അക്ഷരം പുറത്തേക്ക് വരാതെ നാവിന്റെ തുമ്പത്തു തന്നെ നില്‍ക്കുന്നു. കുറെ തവണ ശ്രമിച്ചു. പഴയ വിക്കന്‍ എന്റെ ഉള്ളില്‍  ഇപ്പോഴും അവശേഷിക്കുന്നു എന്ന തിരിച്ചറിവ്  എനിക്ക് ഉണ്ടാക്കി തന്ന അവസരമായിരുന്നു അത്. ഒടുവില്‍ ഞാന്‍ "ചായ രണ്ട്" എന്ന് ഉറക്കെ പറഞ്ഞാണ് ചായ മേടിച്ചത്. 

2 comments:

  1. സു.. സു,,, സുധിക്കും ഒരുപാട് ജീവിതങ്ങളില്‍ വെളിച്ചം വീശാന്‍ കഴിയട്ടെ എന്ന പ്രത്യാശയോടെ........

    ReplyDelete
  2. മാഗസിൻ പ്രവർത്തനങ്ങൾക്ക് ഇടയിൽ ഏതായാലും പനി വന്നിട്ടില്ല അത് ഉറപ്പാണ്‌ . പിന്നെ താങ്കൾ ഒരു സംഭവം ആണ് എന്ന് ആരു സമ്മതിച്ചു തന്നില്ല എങ്കിലും ഞാൻ സമ്മതിച്ചു തരും ...

    ReplyDelete